Tuesday, October 07, 2008

ദുര്‍ഗ്ഗാപൂജ, നവരാത്രി,വിജയദശമി ആഘോഷങ്ങള്‍.

ദുര്‍ഗ്ഗാപൂജ, നവരാത്രി,വിജയദശമി ആഘോഷങ്ങള്‍.

ദുര്‍ഗ്ഗാപൂജ, നവരാത്രി, വിജയദശമി, ദസ്സറ ആഘോഷങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്തിപൂര്‍വ്വം കൊണ്ടാടുകയാണ്‌. ദക്ഷിണേന്ത്യയില്‍ നവരാത്രി, വിജയദശമി കൊണ്ടാടുമ്പോള്‍, കേരളത്തില്‍ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി/വിജയദശമി ആഘോഷങ്ങള്‍, മൈസൂരിലെ ദസ്സറ ആഘോഷങ്ങള്‍ എന്നിവ പേരുകേട്ടതാണല്ലോ. ഗുജറാത്തിലും പശ്ചിമഭാരതത്തിലും നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം ഡാന്‍ഡിയ നൃത്തവും നടത്തിവരുന്നു. വടക്കെ ഇന്ത്യയില്‍ ഹിമാചലിലെ കുളു ദസ്സറ, മൈസൂര്‍ ദസ്സറ പോലെ പേരു കേട്ടതാണ്‌. വടക്കെ ഇന്ത്യയില്‍ രാംലീലക്കാണ്‌ ഈ ആഘോഷങ്ങളില്‍ പ്രാധാന്യം.

എന്നാല്‍ കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഇത്‌ ദുര്‍ഗ്ഗാ പൂജയായിട്ടാണ്‌ ആഘോഷിക്കുന്നത്‌.
വിവിധ സ്ഥലങ്ങളിലും കോളനികളും മറ്റും വിവിധ സംഘടനകള്‍ സുന്ദരമായ പന്തലുകള്‍ ഒരുക്കുന്നു. കൊല്‍ക്കത്ത, ഗുവാഗത്തി തുടങ്ങിയ നഗരങ്ങളില്‍ നൂറുകണക്കിനു കൂറ്റന്‍ പന്തലുകളും വ്യത്യസ്തമാര്‍ന്ന അലങ്കാരങ്ങളും ഒരുക്കുന്നു. ചില സംഘടനകള്‍ നഗരങ്ങളിലെ ഏറ്റവും സുന്ദരമായ പന്തലുകള്‍, മൂര്‍ത്തികള്‍, വൈദ്യുതാലങ്കാരങ്ങള്‍, എന്നിവക്ക്‌ സമ്മാനങ്ങളും നല്‍കാറുണ്ട്‌. ഈ പന്തലുകളില്‍ ദുര്‍ഗ്ഗ, ഗണപതി, ലക്ഷ്മി, സരസ്വതി, കാര്‍ത്തികേയന്‍ എന്നിവരുടെ മൂര്‍ത്തികള്‍ സ്ഥാപിക്കുന്നു. ഷഷ്ടി ദിവസം രാത്രിയാണ്‌ മൂര്‍ത്തി സ്ഥാപന. അതുകഴിഞ്ഞ്‌ സപ്തമി തൊട്ട്‌ പൂജയും ഭക്തജനങ്ങളുടെ വരവുമായി. മഹാസപ്തമി പൂജ, ദുര്‍ഗ്ഗാഷ്ടമി പൂജ (ചണ്ഡി പൂജ), നവമി പൂജ എന്നിവക്കാണ്‌ പ്രാധാന്യം. വയസ്സറിയിക്കാത്ത പെണ്‍കുട്ടികളെ അണിയിച്ചൊരുക്കി 'കുമാരിപൂജ'യും ചെയ്യാറുണ്ട്‌.
സന്ധ്യാസമയത്ത്‌ ആരതി മല്‍സരവും, മിക്ക പന്തലുകളിലും അതിനടുത്ത താല്‍ക്കാലിക സ്റ്റേജില്‍ കുട്ടികള്‍ക്കായി നൃത്ത/കലാപരിപാടികളും നടത്തുന്നു.
വിജയദശമി ദിവസം പൂജ കഴിഞ്ഞതിനുശേഷം ഉച്ചയോടെ ഈ മൂര്‍ത്തികള്‍ ഘോഷയാത്രയായി അടുത്തുള്ള നദികളിലോ, സമുദ്രത്തിലോ, കുളത്തിലോ നിമജ്ഞനം ചെയ്യുന്നു.

ഈ വര്‍ഷം ഇവിടെ ഇരുപതിലേറെ ദുര്‍ഗാ പൂജ പന്തലുകള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്‌. മഹാസപ്തമി നാളിലും ദുര്‍ഗ്ഗാഷ്ടമി നാളിലും ഇവയില്‍ ചില പന്തലുകളില്‍ ഒരു ഓട്ട പ്രദക്ഷിണം നടത്തി. സന്ധ്യയായാല്‍ ട്രാഫിക്കിന്റെ തിരക്കും മറ്റും, പിന്നെരാത്രിയില്‍ ചെറുതായി തണുപ്പും തുടങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌, പൂജയും പ്രസാദവിതരണം ഇല്ലാത്ത, താരതമ്യേന തിരക്കു കുറഞ്ഞ സമയങ്ങളിലാണ്‌ പോയത്‌.

ഇറ്റാനഗറിലെ വിവിധ പൂജ പന്തല്‍ ദൃശ്യങ്ങള്‍ ഇവിടെ നിങ്ങള്‍ക്കായി പങ്കുവെക്കുന്നു:



ഹനുമാന്‍ മന്ദിര്‍ പൂജാ പന്തല്‍, ഗംഗാ മാര്‍ക്കറ്റ്.



സീറോ പൊയന്റ് പൂജാ പന്തല്‍ കവാടം.

പൂജക്ക് മുമ്പായി ഭക്തജനങ്ങള്‍ സ്ഥാനം പിടിക്കുന്നു. സീറോ പോയന്റ് പൂജാ പന്തലില്‍ നിന്നും.



സി-സെക്ടര്‍ ശിവ് മന്ദിര്‍ പൂജാ പന്തല്‍ - പുറം കാഴ്ച.

സി-സെക്ടര്‍ ശിവ് മന്ദിര്‍ പൂജാ പന്തലില്‍ നിന്നും.

വലിയ ഡോളക്കുമായി വാദ്യക്കാര്‍ തയ്യാറാവുന്നു.


പി-സെക്ടര്‍ പൂജാ പന്തല്‍ കവാടം.
പി-സെക്ടര്‍ കോളനി മന്ദിര്‍.


മാ ദുര്‍ഗ്ഗാ.
( മുകളിലെ ഈ ചിത്രം Flickr Explore Interesting #242 (6-10-2008) ആയി തിരഞ്ഞെടുത്തു. )

മഹിഷാസുര മര്‍ദ്ദിനി.


നീതി വിഹാര്‍ പൂജാ പന്തല്‍ കവാടം.

യാ ദേവി സര്‍വ്വഭൂതേഷു,
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യേ നമസ്തസ്യേ
നമസ്തസ്യേ നമോ നമഃ

(നീതി വിഹാര്‍ പൂജാ പന്തലിലെ ഉച്ചപൂജ)

ശ്രീ ദുര്‍ഗ്ഗ പ്രതിഷ്ഠാ. (ദുര്‍ഗ്ഗാ മന്ദിര്‍, നീതി വിഹാര്‍)

ആകാശ്‌ദീപ് കോമ്പ്ലക്സിലെ പന്തല്‍ കാഴ്ച. (ഇഷ്ടപ്പെട്ട ഒരു പന്തല്‍ക്കാഴ്ച.)


തിന്മയുടെ മേല്‍ നന്മയുടെ വിജയം. വിജയദശമി.


(കുറച്ചുകൂടി പന്തല്‍ ദൃശ്യങ്ങളുമായി ഉടന്‍ എത്തുന്നതാണ്‌.
)

Monday, October 06, 2008

ഓണാഘോഷചിത്രങ്ങള്‍-2008.

ഓണാഘോഷചിത്രങ്ങള്‍-2008.

ഓണം കഴിഞ്ഞ്‌ ഒരു മാസമാകാറായെങ്കിലും ഇവിടുത്തെ കലാസംസ്കാരിക വേദിയുടെ 14-ാ‍ം വാര്‍ഷികവും ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും മിനിഞ്ഞാന്നാണ്‌ (4-10-2008) നടത്തിയത്‌. കുട്ടികളുടെ പരീക്ഷ, മറ്റു സാങ്കേതികകാരണങ്ങള്‍ എന്നിവ കൊണ്ടു രണ്ടുപ്രാവശ്യം തിയ്യതി മാറ്റി നിശ്ചയിക്കുകയായിരുന്നു. അല്ലെങ്കിലും കേരളത്തിനുപുറത്തുള്ള പ്രവാസി മലയാളികളുടെ ഓണാഘോഷപരിപാടികള്‍ ദീപാവലി, ക്രിസ്തുമസ്‌ വരെ നീണ്ടാലും അത്ഭുതപ്പെടാനില്ല.

ഇവിടെയാണെങ്കില്‍ ദുര്‍ഗ്ഗാപൂജയുടെ ആഘോഷങ്ങള്‍ തുടങ്ങികഴിഞ്ഞു. പല സ്ഥലങ്ങളിലും വലിയ പൂജപന്തലുകളും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അതിനിടക്കാണ്‌ 'ഓണത്തിനിടക്ക്‌ പുട്ട്‌ കച്ചവടം' എന്ന് പറഞ്ഞപോലെ, 'ദുര്‍ഗ്ഗാപൂജക്കിടക്ക്‌ ഒരു ഓണാഘോഷം'.

എന്തായാലും നമ്മുടെ സ്വന്തം ഓണാഘോഷമല്ലേ. ഒന്നു ചുറ്റിവരാം.



ദേ, പകുതി പുലിയായി. ഹാളിന്റെ പുറകില്‍ മറ്റുള്ളവര്‍ കാണാതെ പുലിയൊരുക്കത്തിലാ.

യെവന്‍ ഇപ്പൊ ഒരു പുലി തന്ന്യാ..



ദേ, ഇവിടെ മാവേലിയും പാതാളത്തില്‍ നിന്നും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
നമസ്കാരം പ്രജകളേ... നോം തന്നെയാണ്‌ പണ്ട്‌ കേരളത്തിന്റെ രാജാവായി ഭരിച്ചിരുന്നത്‌. അപ്പഴല്ലേ, കേന്ദ്രത്തില്‍നിന്നും ആളെ വരുത്തി നമ്മെ ചവിട്ടിതാഴ്ത്തിയത്‌.


ആരാ ഇവിടെ കേന്ദ്രത്തിനെ കുറ്റം പറയുന്നത്‌. നോം ആണ്‌ ഇപ്പോള്‍ ഈ ഇന്ത്യാമഹാരാജ്യം ഭരിക്കുന്ന ചക്രവര്‍ത്തി മനമോഹനസിംഹന്‍. യൂ നോ, സിംഗ്‌ ഈസ്‌ കിംഗ്‌. അമേരിക്ക, ഫ്രാന്‍സ്‌ പര്യടനം കഴിഞ്ഞ്‌ നമ്മള്‍ എത്തിയതേ ഉള്ളൂ. കരാറില്‍ ഒപ്പിടാന്‍ ചെന്നപ്പോ ബുഷണ്ണന്‍ പറയ്യാ കരാറിന്റെ 'ബുക്കും പേപ്പറും' ശരിയായിട്ടില്ലെന്ന്. അതിനൊക്കെ നമ്മളെകണ്ടു പഠിക്കണം. എന്നാല്‍ പിന്നെ ഈ തക്കത്തിന്‌ ഇവിടത്തെ ഓണം കൂടിയിട്ട്‌ വരാം എന്നുകരുതി വന്നതാ.


അതിഥിയെ വരവേല്‍ക്കാന്‍ താലങ്ങള്‍ തയ്യാര്‍.

ഈശ്വരപ്രാര്‍ത്ഥന.


കൈസേ ഭായ്, ടീക്‌-ടാക്ക്‌ ഹൈ?
സബ്കോ ഓണം കി മുബാരക്ക്‌ ഹോ.
വി.വി.ഐ.പി. വന്നില്ലാന്നുള്ള പരിഭവമൊക്കെ മാറിയല്ലോ.



ഭായിയോ ഔര്‍ ഭഹനോം.....
കിട്ടിയ ചാന്‍സിനു ആണവത്തെക്കുറിച്ച്‌ ഒരു പ്രസംഗം തന്നെ കാച്ചിക്കളഞ്ഞു വിദ്വാന്‍.



അപ്പൊ ഇതാണല്ലേ അപ്പൂപ്പന്‍താടി സിംഹം. ഫാനിട്ടാല്‍ പറന്നുപോകുമോ??

വെള്ളത്താടി വെച്ച അപ്പൂപ്പന്‍ ചേട്ടന്‍ ഒന്നു നിറുത്തിയെങ്കില്‍ ഞങ്ങള്‍ക്ക്‌ പരിപാടികള്‍ അവതരിപ്പിക്കാമായിരുന്നു.

പ്രസംഗം കേട്ട്‌, ഒരുങ്ങിയിരിക്കുന്ന കൊച്ചുകലാകാരികള്‍ക്കും ബോറായെന്നു ചുരുക്കം.



രംഗപൂജ.

വാണീശ്വരി ദേവി വാഗീശ്വരീ
സുഗമസംഗീതം തീര്‍ക്കും സുമഹാസിനി..


തിരുവാതിര.


യാമി യാമി ഭൈമീ...






മോഹിനിയാട്ടം.

കേരളത്തിന്റെ തനതായ നൃത്തരൂപം.


സിനിമാറ്റിക്ക് ഡാന്‍സ്.


ആഹാ, പുലി വന്നല്ലോ.

ദേ, മറ്റേ പുലിയും എത്തി. അപ്പോ ഇനി തിമര്‍ക്കാം ല്ലേ..


(ഒരു ചെറിയ ഇന്റര്‍വെല്‍. തിമര്‍ക്കലിന്റെ ബാക്കി അടുത്ത പോസ്റ്റില്‍)

Monday, September 29, 2008

വേല ഉത്സവ ദൃശ്യങ്ങള്‍-2.

വേല ഉത്സവ ദൃശ്യങ്ങള്‍-2.

ഈ വര്‍ഷത്തെ ചിറ്റലംചേരി ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍.. തുടരുന്നു.
(ആദ്യഭാഗം ഇവിടെ)


കുട അമിട്ട്‌ പൊട്ടിയതാ.. ദേ, ആ കുടകള്‍ നമ്മുടെ പുറത്ത്‌ വന്നു വീഴുമെന്ന് തോന്നുന്നു. മേളത്തിനിടക്ക്‌ ഒരു ആകാശക്കാഴ്ച.


മേളക്കൊഴുപ്പും ആലവട്ടവും വെണ്‍ചാമരവും - ഒരു മുകള്‍ക്കാഴ്ച.

വേഗം നടക്കാാനേ...

ആന: ദേ, കൊമ്പില്‍ പിടിച്ചുള്ള വലി വേണ്ടാ.. അപ്പറത്ത്‌ വില്‍ക്കാന്‍ വെച്ചിരിക്കണം ഹല്‍വേടെ മണം കൊണ്ടല്ലേ സ്പീഡ്‌ കുറച്ചത്‌.

തിടമ്പേറ്റിയ ആനപ്പുറത്തുള്ളയാള്‍: എന്റെ ക്വോട്ട വെച്ചേക്കണംട്ടോ, തീര്‍ക്കല്ലേ. ഇത്‌ കഴിഞ്ഞാല്‍ എത്തിക്കോളാം.

(അപ്പുറത്ത്‌ കാണുന്ന ഒരു ക്ലാസ്സ്‌ മുറിയിലായിരുന്നു എന്റെ പ്രൈമറി വിദ്യയും അഭ്യാസങ്ങളും അരങ്ങേറിയിരുന്നത്‌. ഈ കലാലയ മുത്തച്ഛന്റെ ശതാബ്ദിയൊക്കെ എന്നേ കഴിഞ്ഞതാ.)


ആനപ്പുറത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുക, വയറിളകികിടപ്പുണ്ട്‌. തിടമ്പു നല്ലപോലെ താഴ്ത്തിക്കോ. ഒരു പിന്‍കാഴ്ച.


ഇനി ഇവിടെ ഒരു പെരുപെരുക്കാം.


ആനപ്പുറത്തിരുന്ന് കളര്‍ നോക്കി നോക്കി ദേ ലവന്‍ താഴെ വീഴുമ്ന്നാ തോന്നണ്‌.





ക്ഷേത്രകവാടത്തിനു മുന്നില്‍ ഒരു താളലയം.


ക്ഷേത്രമതില്‍ക്കെട്ടിനകത്തെ പഞ്ചവാദ്യം കൊഴുക്കുന്നു.


ആലവട്ടവും വെണ്‍ചാമരവും, പിന്നെ ദേ ഇങ്ങനെ ചെവിയും കൂടി വിടര്‍ത്തി നില്‍ക്കുമ്പോഴല്ലേ ഒരു ആനച്ചന്തം.


പഞ്ചവാദ്യത്തിന്റെ താളം മുറുകുമ്പോള്‍ ആവേശത്തിമര്‍പ്പില്‍ കാണികള്‍.
ഈ ആവേശമില്ലെങ്കില്‍ പിന്നെന്ത്‌ പഞ്ചവാദ്യം.


സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള നെറ്റിപ്പട്ടവും തിടമ്പും അസ്തമനസൂര്യന്റെ കിരണങ്ങളാല്‍ അരുണിമയേകുമ്പോള്‍.


പഞ്ചവാദ്യത്തെതുടര്‍ന്ന് പാണ്ടിമേളക്കാര്‍ വാദ്യഘോഷം ഏറ്റെടുത്തപ്പോള്‍.


പുറത്തും ചൂട്‌, അകത്തും (വെള്ളത്തിന്റെ) ചൂട്‌, എന്നാല്‍ പിന്നെ ഇവന്റെ കീഴെ ഇരുന്ന് റെസ്റ്റെടുക്കാം.

ഗജന്‍: പാപ്പാന്‍ ചേട്ടായീ, സംഗതിയൊക്കെ കൊള്ളാം, ചൂടും കൊണ്ട്‌ നിക്കണ എനിക്കൊന്നൂല്ലേ. രാത്രിയില്‍ എനിക്കുള്ള വഹ തന്നില്ലേല്‍ വെവരമറിയും.


ഏയ്‌, ആന ചെരിഞ്ഞതല്ലാ, ഞാനൊന്നു ചരിഞ്ഞതാ, പടം പിടിക്കാനേ.



ഹോ, ഇതൊക്കെ സ്വര്‍ണ്ണത്തിന്റെയാണെങ്കില്‍, എന്തായിരിക്കും വില!!

ഹും.. ഹും.. ഇത്‌ സ്വര്‍ണ്ണമാണെങ്കില്‍ പിന്നെ കല്യാണപന്തലിലേക്ക്‌ ഒരുക്കിയിറക്കുന്ന നവവധുവും ഞങ്ങളും തമ്മിലെന്താ വ്യത്യാസം!!!


എങ്ങനീണ്ട്രാ ഇപ്രാവശ്യത്തെ വേല. കസറീടാ.


മേളം തീരാറായി. വെടിമരുന്നിനു ഇപ്പോ തീ കൊളുത്തും. അങ്ങോട്ട്‌ വിട്ടേക്കാം. അടുത്തുചെന്ന് കാണാം.


വിശാലമായ കൊയ്ത്തൊഴിഞ്ഞ പാടങ്ങളില്‍ വെടിമരുന്നിനു തീ കൊളുത്തിയപ്പോള്‍. ദിഗംബരം പൊട്ടുമാറുച്ചത്തില്‍ ഗുണ്ടുകള്‍ പൊട്ടുന്നതിനടുത്തുനിന്നും കാണാനും ആളുകള്‍.


വിവിധ വര്‍ണ്ണരാജികള്‍ ചൊരിയുന്ന അമിട്ടുകള്‍ ആകാശത്ത്‌ വര്‍ണ്ണമഴ ചൊരിഞ്ഞപ്പോള്‍.


(ഇതിന്റെ ബാക്കിയായി രാത്രി എഴുന്നെള്ളത്തും പുലര്‍ച്ചെയുള്ള വെടിക്കെട്ടും കൂടിയാവുമ്പോഴേ ഉത്സവം പൂര്‍ണ്ണമാകുന്നുള്ളൂ .)