Showing posts with label ഉല്‍സവം. Show all posts
Showing posts with label ഉല്‍സവം. Show all posts

Monday, September 15, 2008

ഉല്‍സവം എഴുന്നെള്ളത്ത്‌ - ചിത്രങ്ങള്‍.

ഉല്‍സവം എഴുന്നെള്ളത്ത്‌ - ചിത്രങ്ങള്‍.

ഈ വര്‍ഷത്തെ ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍.

എല്ലാ വര്‍ഷവും വിഷു കഴിഞ്ഞ്‌ പതിനഞ്ചാം നാള്‍ ആണ്‌ ഇവിടത്തെ വേല ഉത്സവം.

മേടം 1നു വിഷുനാള്‍ രാവിലെ ചുമതലപ്പെട്ട ദേശപ്പണിക്കര്‍ ദേവീക്ഷേത്രസന്നിധിയില്‍ ആ വര്‍ഷത്തെ ഓല വായിക്കുന്നത്‌ കേള്‍ക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടുന്നു. പനയോലയില്‍ എഴുതി തയ്യാറാക്കിയ ദേശത്തിന്റെയും ദേശക്കാരുടേയും ആ വര്‍ഷത്തെ പൊതുവായ വിഷുഫലം ദേശവാസികളെ വായിച്ചുകേള്‍പ്പിക്കുന്നു. ദേശത്തിന്റെ പൊതുവായ വര്‍ഷഫലവും ഓരോ നാളിന്റെയും വിഷുഫലവും കേള്‍ക്കാന്‍ കൂടിയ ജനങ്ങള്‍ ജ്യോല്‍സ്യര്‍ക്ക്‌ വിഷുക്കൈനീട്ടവും നല്‍കുന്നു.


അന്നുതന്നെ, ക്ഷേത്രത്തില്‍ ഉത്സവത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിക്കൂറ ഉയരുകയായി. തുടര്‍ന്ന് ഉത്സവദിനമായ മേടം 15 വരേയും എല്ലാ ദിവസവും രാത്രി ക്ഷേത്രത്തിനു മുമ്പില്‍ കണ്യാര്‍കളി നടക്കുന്നു. ദേശത്തെ പാണസമുദായക്കാര്‍ക്കാണ്‌ കണ്യാര്‍കളി അവതരിപ്പിക്കാന്‍ അവകാശമുള്ളവര്‍. ദേവീസ്തുതി പാടി 'വള്ളിയറുക്കല്‍' ചടങ്ങോടെയാണ്‌ കണ്യാര്‍കളി തുടങ്ങുന്നത്‌. തുടര്‍ന്ന്, ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത വിവിധതരം പൊറാട്ടുവേഷങ്ങളും അവതരിപ്പിക്കുന്നു. അവകാശപ്പെട്ട ഓരോ സമുദായക്കാരുടെയൊ ദേശക്കാരുടെയോ വകയായിട്ടാണ്‌ ഓരോ നാളിലും കണ്യാര്‍കളി നടത്തുന്നത്‌.



വിഷു തൊട്ട്‌ പതിനാലാം നാള്‍ വരെ സന്ധ്യയാകുന്നതോടെ ആ പ്രദേശത്തെ കുട്ടികള്‍ ദേവീപ്രീതിക്കായി തെങ്ങോലകൊണ്ടുള്ള പന്തങ്ങളുമായി ക്ഷേത്രത്തെ വലം വെച്ച്‌ വണങ്ങുന്നു. കൈകുഞ്ഞുങ്ങളെ അമ്മമാര്‍ എടുത്ത്‌ ചെറിയ കമ്പില്‍ തുണിചുറ്റി എണ്ണമുക്കിയ എണ്ണപന്തം കൊണ്ട്‌ ക്ഷേത്രപ്രദക്ഷിണം വെയ്ക്കുന്നു. ഇരുട്ടാവുന്നതോടുകൂടി ചെറുതും വലുതുമായ തീപന്തങ്ങളുടെ വരവായി. അവസാനം, ആര്‍പ്പുവിളികളും ആരവത്തോടും കൂടി പത്തിരുപതു പേര്‍ ഒരുമിച്ച്‌ ചുമന്നുകൊണ്ടുവരുന്ന കൂറ്റന്‍ ഓലപന്തം ക്ഷേത്രപ്രദക്ഷിണം വെച്ച്‌ മുമ്പിലുള്ള അഗ്നികുണ്ടത്തില്‍ നിക്ഷേപിക്കുന്നതോടെ അന്നത്തെ പന്തക്കാഴ്ച അവസാനിക്കുകയായി. ഇതിനു ശേഷമാണ്‌ കണ്യാര്‍കളി തുടങ്ങുക.


മൂലസ്ഥാനമായ കൂട്ടാലയില്‍ നിന്നും ഭഗവതിയുടെ തിടമ്പും വഹിച്ചുകൊണ്ടുള്ള എഴുന്നെള്ളത്ത്‌ ക്ഷേത്രത്തിലേക്ക്‌ പുറപ്പെടുന്നു.

നെറ്റിപ്പട്ടം കെട്ടി മറ്റ്‌ ചമയങ്ങളും അണിഞ്ഞ്‌ നില്‍ക്കുന്ന ഗജവീരന്മാര്‍ ഒരു ദൃശ്യവിരുന്നു തന്നെ. 


താളമേളങ്ങള്‍ക്കൊപ്പം ആലവട്ടവും വെഞ്ചാമരവും വീശുമ്പോള്‍ ജനം ആഹ്ലാദത്തില്‍ ആറാടുമ്പോള്‍ കരിവീരന്മാര്‍ അത്‌ ആസ്വദിച്ചുകൊണ്ട്‌ ചെവിയാട്ടുകയല്ലേ എന്നു തോന്നും.

മദ്ദളം, തിമില, ഇടക്ക, കൊമ്പ്‌, ഇലത്താളം എന്നിവ ചേര്‍ന്ന പഞ്ചവാദ്യ താളലയങ്ങള്‍ ആസ്വദിക്കാത്ത മലയാളിയുണ്ടോ.

പേരെടുത്ത പഞ്ചവാദ്യ കലാകാരന്മാര്‍ കൊട്ടിതിമര്‍ക്കുമ്പോള്‍ അതു ശ്രവിക്കുന്ന ആരും ആവേശത്താല്‍ താളത്തിനൊത്ത്‌ കൈ വീശിപ്പോകും.


ഗജവീരന്റെ തൊട്ടടുത്തുനിന്നുള്ള ഒരു പാര്‍ശ്വവീക്ഷണം.

ദേവിയുടെ തിടമ്പേറ്റി നില്‍ക്കുന്ന ഗജവീരന്‍. ഇവന്‍ ആള്‌ അല്‍പം കുറുമ്പനാ. ഉത്സവ എഴുന്നെള്ളത്തിനു തൊട്ടുമുന്‍പുള്ള ഇവന്റെ നീരാട്ട്‌ ഇവിടെ കാണാം.



കണ്ടോ അവന്റെ ഒരു നോട്ടം.


എഴുന്നെള്ളത്ത്‌  വി.കെ.നഗര്‍, കസബമുക്ക്‌, വഴി സ്വര്‍ഗ്ഗനാഥക്ഷേത്രം ആല്‍ത്തറയില്‍,  അഴകേറും അഞ്ചു ഗജകേസരികളും അണിനിരന്നപ്പോള്‍.

 

ഉത്സവക്കാഴ്ചകളുടെ ദൃശ്യവിരുന്ന് തുടരും.