Monday, September 29, 2008

വേല ഉത്സവ ദൃശ്യങ്ങള്‍-2.

വേല ഉത്സവ ദൃശ്യങ്ങള്‍-2.

ഈ വര്‍ഷത്തെ ചിറ്റലംചേരി ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍.. തുടരുന്നു.
(ആദ്യഭാഗം ഇവിടെ)


കുട അമിട്ട്‌ പൊട്ടിയതാ.. ദേ, ആ കുടകള്‍ നമ്മുടെ പുറത്ത്‌ വന്നു വീഴുമെന്ന് തോന്നുന്നു. മേളത്തിനിടക്ക്‌ ഒരു ആകാശക്കാഴ്ച.


മേളക്കൊഴുപ്പും ആലവട്ടവും വെണ്‍ചാമരവും - ഒരു മുകള്‍ക്കാഴ്ച.

വേഗം നടക്കാാനേ...

ആന: ദേ, കൊമ്പില്‍ പിടിച്ചുള്ള വലി വേണ്ടാ.. അപ്പറത്ത്‌ വില്‍ക്കാന്‍ വെച്ചിരിക്കണം ഹല്‍വേടെ മണം കൊണ്ടല്ലേ സ്പീഡ്‌ കുറച്ചത്‌.

തിടമ്പേറ്റിയ ആനപ്പുറത്തുള്ളയാള്‍: എന്റെ ക്വോട്ട വെച്ചേക്കണംട്ടോ, തീര്‍ക്കല്ലേ. ഇത്‌ കഴിഞ്ഞാല്‍ എത്തിക്കോളാം.

(അപ്പുറത്ത്‌ കാണുന്ന ഒരു ക്ലാസ്സ്‌ മുറിയിലായിരുന്നു എന്റെ പ്രൈമറി വിദ്യയും അഭ്യാസങ്ങളും അരങ്ങേറിയിരുന്നത്‌. ഈ കലാലയ മുത്തച്ഛന്റെ ശതാബ്ദിയൊക്കെ എന്നേ കഴിഞ്ഞതാ.)


ആനപ്പുറത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുക, വയറിളകികിടപ്പുണ്ട്‌. തിടമ്പു നല്ലപോലെ താഴ്ത്തിക്കോ. ഒരു പിന്‍കാഴ്ച.


ഇനി ഇവിടെ ഒരു പെരുപെരുക്കാം.


ആനപ്പുറത്തിരുന്ന് കളര്‍ നോക്കി നോക്കി ദേ ലവന്‍ താഴെ വീഴുമ്ന്നാ തോന്നണ്‌.

ക്ഷേത്രകവാടത്തിനു മുന്നില്‍ ഒരു താളലയം.


ക്ഷേത്രമതില്‍ക്കെട്ടിനകത്തെ പഞ്ചവാദ്യം കൊഴുക്കുന്നു.


ആലവട്ടവും വെണ്‍ചാമരവും, പിന്നെ ദേ ഇങ്ങനെ ചെവിയും കൂടി വിടര്‍ത്തി നില്‍ക്കുമ്പോഴല്ലേ ഒരു ആനച്ചന്തം.


പഞ്ചവാദ്യത്തിന്റെ താളം മുറുകുമ്പോള്‍ ആവേശത്തിമര്‍പ്പില്‍ കാണികള്‍.
ഈ ആവേശമില്ലെങ്കില്‍ പിന്നെന്ത്‌ പഞ്ചവാദ്യം.


സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള നെറ്റിപ്പട്ടവും തിടമ്പും അസ്തമനസൂര്യന്റെ കിരണങ്ങളാല്‍ അരുണിമയേകുമ്പോള്‍.


പഞ്ചവാദ്യത്തെതുടര്‍ന്ന് പാണ്ടിമേളക്കാര്‍ വാദ്യഘോഷം ഏറ്റെടുത്തപ്പോള്‍.


പുറത്തും ചൂട്‌, അകത്തും (വെള്ളത്തിന്റെ) ചൂട്‌, എന്നാല്‍ പിന്നെ ഇവന്റെ കീഴെ ഇരുന്ന് റെസ്റ്റെടുക്കാം.

ഗജന്‍: പാപ്പാന്‍ ചേട്ടായീ, സംഗതിയൊക്കെ കൊള്ളാം, ചൂടും കൊണ്ട്‌ നിക്കണ എനിക്കൊന്നൂല്ലേ. രാത്രിയില്‍ എനിക്കുള്ള വഹ തന്നില്ലേല്‍ വെവരമറിയും.


ഏയ്‌, ആന ചെരിഞ്ഞതല്ലാ, ഞാനൊന്നു ചരിഞ്ഞതാ, പടം പിടിക്കാനേ.ഹോ, ഇതൊക്കെ സ്വര്‍ണ്ണത്തിന്റെയാണെങ്കില്‍, എന്തായിരിക്കും വില!!

ഹും.. ഹും.. ഇത്‌ സ്വര്‍ണ്ണമാണെങ്കില്‍ പിന്നെ കല്യാണപന്തലിലേക്ക്‌ ഒരുക്കിയിറക്കുന്ന നവവധുവും ഞങ്ങളും തമ്മിലെന്താ വ്യത്യാസം!!!


എങ്ങനീണ്ട്രാ ഇപ്രാവശ്യത്തെ വേല. കസറീടാ.


മേളം തീരാറായി. വെടിമരുന്നിനു ഇപ്പോ തീ കൊളുത്തും. അങ്ങോട്ട്‌ വിട്ടേക്കാം. അടുത്തുചെന്ന് കാണാം.


വിശാലമായ കൊയ്ത്തൊഴിഞ്ഞ പാടങ്ങളില്‍ വെടിമരുന്നിനു തീ കൊളുത്തിയപ്പോള്‍. ദിഗംബരം പൊട്ടുമാറുച്ചത്തില്‍ ഗുണ്ടുകള്‍ പൊട്ടുന്നതിനടുത്തുനിന്നും കാണാനും ആളുകള്‍.


വിവിധ വര്‍ണ്ണരാജികള്‍ ചൊരിയുന്ന അമിട്ടുകള്‍ ആകാശത്ത്‌ വര്‍ണ്ണമഴ ചൊരിഞ്ഞപ്പോള്‍.


(ഇതിന്റെ ബാക്കിയായി രാത്രി എഴുന്നെള്ളത്തും പുലര്‍ച്ചെയുള്ള വെടിക്കെട്ടും കൂടിയാവുമ്പോഴേ ഉത്സവം പൂര്‍ണ്ണമാകുന്നുള്ളൂ .)

Monday, September 15, 2008

ഉല്‍സവം എഴുന്നെള്ളത്ത്‌ - ചിത്രങ്ങള്‍.

ഉല്‍സവം എഴുന്നെള്ളത്ത്‌ - ചിത്രങ്ങള്‍.

ഈ വര്‍ഷത്തെ ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍.

എല്ലാ വര്‍ഷവും വിഷു കഴിഞ്ഞ്‌ പതിനഞ്ചാം നാള്‍ ആണ്‌ ഇവിടത്തെ വേല ഉത്സവം.

മേടം 1നു വിഷുനാള്‍ രാവിലെ ചുമതലപ്പെട്ട ദേശപ്പണിക്കര്‍ ദേവീക്ഷേത്രസന്നിധിയില്‍ ആ വര്‍ഷത്തെ ഓല വായിക്കുന്നത്‌ കേള്‍ക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടുന്നു. പനയോലയില്‍ എഴുതി തയ്യാറാക്കിയ ദേശത്തിന്റെയും ദേശക്കാരുടേയും ആ വര്‍ഷത്തെ പൊതുവായ വിഷുഫലം ദേശവാസികളെ വായിച്ചുകേള്‍പ്പിക്കുന്നു. ദേശത്തിന്റെ പൊതുവായ വര്‍ഷഫലവും ഓരോ നാളിന്റെയും വിഷുഫലവും കേള്‍ക്കാന്‍ കൂടിയ ജനങ്ങള്‍ ജ്യോല്‍സ്യര്‍ക്ക്‌ വിഷുക്കൈനീട്ടവും നല്‍കുന്നു.


അന്നുതന്നെ, ക്ഷേത്രത്തില്‍ ഉത്സവത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിക്കൂറ ഉയരുകയായി. തുടര്‍ന്ന് ഉത്സവദിനമായ മേടം 15 വരേയും എല്ലാ ദിവസവും രാത്രി ക്ഷേത്രത്തിനു മുമ്പില്‍ കണ്യാര്‍കളി നടക്കുന്നു. ദേശത്തെ പാണസമുദായക്കാര്‍ക്കാണ്‌ കണ്യാര്‍കളി അവതരിപ്പിക്കാന്‍ അവകാശമുള്ളവര്‍. ദേവീസ്തുതി പാടി 'വള്ളിയറുക്കല്‍' ചടങ്ങോടെയാണ്‌ കണ്യാര്‍കളി തുടങ്ങുന്നത്‌. തുടര്‍ന്ന്, ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത വിവിധതരം പൊറാട്ടുവേഷങ്ങളും അവതരിപ്പിക്കുന്നു. അവകാശപ്പെട്ട ഓരോ സമുദായക്കാരുടെയൊ ദേശക്കാരുടെയോ വകയായിട്ടാണ്‌ ഓരോ നാളിലും കണ്യാര്‍കളി നടത്തുന്നത്‌.വിഷു തൊട്ട്‌ പതിനാലാം നാള്‍ വരെ സന്ധ്യയാകുന്നതോടെ ആ പ്രദേശത്തെ കുട്ടികള്‍ ദേവീപ്രീതിക്കായി തെങ്ങോലകൊണ്ടുള്ള പന്തങ്ങളുമായി ക്ഷേത്രത്തെ വലം വെച്ച്‌ വണങ്ങുന്നു. കൈകുഞ്ഞുങ്ങളെ അമ്മമാര്‍ എടുത്ത്‌ ചെറിയ കമ്പില്‍ തുണിചുറ്റി എണ്ണമുക്കിയ എണ്ണപന്തം കൊണ്ട്‌ ക്ഷേത്രപ്രദക്ഷിണം വെയ്ക്കുന്നു. ഇരുട്ടാവുന്നതോടുകൂടി ചെറുതും വലുതുമായ തീപന്തങ്ങളുടെ വരവായി. അവസാനം, ആര്‍പ്പുവിളികളും ആരവത്തോടും കൂടി പത്തിരുപതു പേര്‍ ഒരുമിച്ച്‌ ചുമന്നുകൊണ്ടുവരുന്ന കൂറ്റന്‍ ഓലപന്തം ക്ഷേത്രപ്രദക്ഷിണം വെച്ച്‌ മുമ്പിലുള്ള അഗ്നികുണ്ടത്തില്‍ നിക്ഷേപിക്കുന്നതോടെ അന്നത്തെ പന്തക്കാഴ്ച അവസാനിക്കുകയായി. ഇതിനു ശേഷമാണ്‌ കണ്യാര്‍കളി തുടങ്ങുക.


മൂലസ്ഥാനമായ കൂട്ടാലയില്‍ നിന്നും ഭഗവതിയുടെ തിടമ്പും വഹിച്ചുകൊണ്ടുള്ള എഴുന്നെള്ളത്ത്‌ ക്ഷേത്രത്തിലേക്ക്‌ പുറപ്പെടുന്നു.

നെറ്റിപ്പട്ടം കെട്ടി മറ്റ്‌ ചമയങ്ങളും അണിഞ്ഞ്‌ നില്‍ക്കുന്ന ഗജവീരന്മാര്‍ ഒരു ദൃശ്യവിരുന്നു തന്നെ. 


താളമേളങ്ങള്‍ക്കൊപ്പം ആലവട്ടവും വെഞ്ചാമരവും വീശുമ്പോള്‍ ജനം ആഹ്ലാദത്തില്‍ ആറാടുമ്പോള്‍ കരിവീരന്മാര്‍ അത്‌ ആസ്വദിച്ചുകൊണ്ട്‌ ചെവിയാട്ടുകയല്ലേ എന്നു തോന്നും.

മദ്ദളം, തിമില, ഇടക്ക, കൊമ്പ്‌, ഇലത്താളം എന്നിവ ചേര്‍ന്ന പഞ്ചവാദ്യ താളലയങ്ങള്‍ ആസ്വദിക്കാത്ത മലയാളിയുണ്ടോ.

പേരെടുത്ത പഞ്ചവാദ്യ കലാകാരന്മാര്‍ കൊട്ടിതിമര്‍ക്കുമ്പോള്‍ അതു ശ്രവിക്കുന്ന ആരും ആവേശത്താല്‍ താളത്തിനൊത്ത്‌ കൈ വീശിപ്പോകും.


ഗജവീരന്റെ തൊട്ടടുത്തുനിന്നുള്ള ഒരു പാര്‍ശ്വവീക്ഷണം.

ദേവിയുടെ തിടമ്പേറ്റി നില്‍ക്കുന്ന ഗജവീരന്‍. ഇവന്‍ ആള്‌ അല്‍പം കുറുമ്പനാ. ഉത്സവ എഴുന്നെള്ളത്തിനു തൊട്ടുമുന്‍പുള്ള ഇവന്റെ നീരാട്ട്‌ ഇവിടെ കാണാം.കണ്ടോ അവന്റെ ഒരു നോട്ടം.


എഴുന്നെള്ളത്ത്‌  വി.കെ.നഗര്‍, കസബമുക്ക്‌, വഴി സ്വര്‍ഗ്ഗനാഥക്ഷേത്രം ആല്‍ത്തറയില്‍,  അഴകേറും അഞ്ചു ഗജകേസരികളും അണിനിരന്നപ്പോള്‍.

 

ഉത്സവക്കാഴ്ചകളുടെ ദൃശ്യവിരുന്ന് തുടരും.

Thursday, September 11, 2008

ഓണാശംസകള്‍.

ഓണാശംസകള്‍.

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമത്വത്തിന്റെയും ആഘോഷമായ ഓണത്തിനു എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍.

(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.)